ഋതുമതി!!!
ഒട്ടുമിക്ക സ്ത്രീകളും വെറുക്കപ്പെടുന്ന 7 ദിവസങ്ങൾ ഉണ്ട് ഓരോ മാസത്തിലും. നടുവും വയറും വേദനിച്ച് ചുരുണ്ടുകൂടി ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന നിമിഷങ്ങളുണ്ട്. ശബ്ദത്തിനോടും വെളിച്ചതിനോടും അയിത്തമുള്ള ദിവസങ്ങൾ... ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യംപിടിക്കുന്ന സമയങ്ങൾ... കാരണമാറിയതെ നെഞ്ചുപൊട്ടി കരയുന്ന രാത്രികൾ... തലക്കകത്തുകൂടി കൊള്ളിയാൻ പായുന്ന വേഗത്തിലൂടെ കടന്നുപോകുന്ന, നട്ടെല്ലിനെ ആരോ കോടലിവെച്ച് രണ്ടായി വെട്ടികീറുന്ന, അടിവയറ്റിലൂടെ ഊളിയിടുന്ന, പറഞ്ഞറിയിക്കാൻ പോലും സാധിക്കാത്ത പലതരം വേദനകൾ... കൂട്ടത്തിലൂടെ കേറി വരുന്ന മനംപുരട്ടലും ശർദ്ധിയും... ഓരോ ചുമയിലും അണക്കെട്ടിൽ നിന്നും വെള്ളം ചീറ്റുന്ന പ്രതീതിയിൽ പുറത്ത് തള്ളുന്ന രക്തവും...
ഒരു വേനലവധിക്ക് ഒളിച്ചുകളിച്ചുകൊണ്ടിരുന്ന പതിനൊന്നു വയസുകാരിക്ക് പെട്ടന്ന് ദേഷ്യം വരുകയും കൂടെ കളിച്ചുകൊണ്ടിരുന്നവരെ ചീത്ത വിളിച്ചും കരഞ്ഞ് കണ്ണുകലങ്ങി ആരുമില്ലാത്ത ഒരു മൂലയിൽ ഒതുങ്ങികൂടി അവസാനം വീണ്ടും കളിതുടരാം എന്ന ധാരണയിൽ എല്ലാവരുടെ അടുത്തുപോയി സമാധാന ചർച്ച ചെയ്ത് ഓടി ഒളിച്ച് എവിടെയോ ഉരുണ്ടുപിരണ്ടു വീണ് കാലിലൂടെ ചോരയൊലിപ്പിച്ച് വീട്ടിലേക്ക് കേറിചെല്ലുമ്പോൾ അവളറിഞ്ഞിരുന്നില്ല അവൾ ഋതുമതിയായി എന്നുള്ളത്...
പിന്നീടുള്ള ഓരോ മാസവും വേദനയുടെ ആധിക്യം കൂടുമ്പോൾ പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന സഹിക്കാനുള്ള കരുത്തുനൽകുന്നതാണ് ഈ വേദനയെന്നുള്ള അമ്മയുടെ സ്ഥിരം വാക്കുകളോട് അവജ്ഞയും രോക്ഷവും കടിച്ചുപിടിച്ച് തലയിണയെ മുറുകെപിടിച്ച് കമിഴ്ന്ന് കിടക്കുമ്പോൾ പെണ്ണായി ജനിക്കണ്ടായിരുന്നു എന്നൊരായിരം തവണ മനസിൽ പ്രാകിയിട്ടുണ്ട്...
15 വർഷങ്ങൾക്കിപ്പുറം ഇന്നും ആ വേദനയെ, ദേഷ്യത്തെ, ഭ്രാന്തിനെ കടിഞ്ഞാണിടാൻ മാത്രമുള്ള ഒരു മരുന്നും കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് സാധിക്കത്തിലുള്ള അമർഷവും, ആരോടെന്നില്ലാതെ ഉള്ള ദേഷ്യവും, അതിനൊടുക്കമുള്ള കരച്ചിലും, കരഞ്ഞ് കരഞ്ഞ് ക്ഷണീച്ച് ഉറങ്ങുമ്പോഴും രാവിലെ എണീക്കുമ്പോൾ കിടക്കവിരിപ്പിൽ ചോരപാടുകൾ കാണരുതെന്ന ആവലാതിയും ഇനിയും എത്രനാൾ ഇതേ വേദന സഹിക്കേണ്ടി വരുമെന്ന പേടിയും മനസിനെ തളർത്തിക്കൊണ്ടിരിക്കുന്ന ദിവസങ്ങൾ....
ഭ്രാന്തിന്റെ മരം പൂത്തുലഞ്ഞ് ചുവന്നപൂവുകൾ പൊഴിക്കുന്ന ഞാൻ ഇഷ്ടത്തോടെ വെറുക്കുന്ന 7 ദിനരാത്രങ്ങൾ!!!
PC: Google

Comments
Post a Comment